Saturday, November 21, 2009

യുദ്ധം



കിഴക്ക് നിന്നും ഒരു കൂട്ടര്‍
യുദ്ധം തുടങ്ങി.
അവര്‍ വടക്ക് ചെന്ന് 
കുറെ മല്ലന്മാരെ തോല്പിച്ചു.
അന്ന് രാത്രി അവര്‍ സമാധാനമായി ഉറങ്ങി.
പിന്നീടവര്‍ തെക്ക് ചെന്ന്
കുറെ മല്ലന്മാരെ തോല്പിച്ചു.
അന്നും അവര്‍ സമാധാനമായി ഉറങ്ങി.
പിന്നീടവര്‍ ചെന്നത് പടിഞ്ഞാറോട്ടാണ്
അവിടെ ആരും ഉണ്ടായിരുന്നില്ല.
അവര്‍ക്ക് അന്ന് രാത്രി ഉറക്കവും സമാധാനവും ഉണ്ടായില്ല.
അതിനാല്‍ അവര്‍ കിഴക്കോട്ടു തന്നെ പോയി
സ്വയം തോല്പിച്ചു സമാധാനിച്ചു.

ചിറക്



കടത്തിണ്ണയിലെ അനാഥ കുഞ്ഞുങ്ങള്‍ക്ക്‌
ചിറകു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നൂറ്റാണ്ടുകള്‍ മുന്‍പ്  ചിറകു നഷ്ടപ്പെട്ട ആ വര്‍ഗത്തിന്
ചിറകുകള്‍ എന്താണെന്നു പോലും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.
അവര്‍ വീണ്ടും ഭക്ഷണത്തിന് വേണ്ടി കരഞ്ഞുതുടങ്ങി.
സര്‍ക്കാര്‍ നിസ്സഹായരായി.
ചിറകുകള്‍ സര്‍ക്കാരാപ്പീസിന്റെ
മൂലയില്‍  ചിതലരിച്ചു.