Saturday, February 9, 2013

ആര്‍ക്കും ആരെയും അറിയില്ല.

അറിയുന്നുണ്ടാവണം നീ,

പക്ഷാഘാതം ബാധിച്ച ഓര്‍മ്മയെ ചുമന്ന്  
ഇരുട്ടിനോട്‌ ചേര്‍ന്ന വഴിയിലൂടെ

ശോഷിച്ച പ്രണയം അയവിറക്കി 
ബോധത്തില്‍ അഭിമാനത്തിന്റെ മഴുകൊണ്ട് വെട്ടി 

പ്രതീക്ഷയുടെ ശ്വാസനാളങ്ങളില്‍ സിഗരറ്റു പുകയുടെ 
കടും മഞ്ഞകൊണ്ട് വര്‍ണ്ണപ്പൊലിമ  തീര്‍ത്ത് 

പടിവാതിലില്‍ പുരസ്കാരങ്ങള്‍ വലിച്ചെറിഞ്ഞ്  
സ്വയമെരിഞ്ഞ പുക ശ്വാസകോശങ്ങളില്‍ നിറച്ച് 

മരുഭൂമിയുടെ ഒത്ത നടുവില്‍ 
കേള്‍വി നഷ്ടപ്പെട്ട ഒട്ടകത്തെ പോലെ 

കണ്ണീരു വറ്റി തൊണ്ട വരണ്ട് 
നിലവിളിയോടുങ്ങിയ മരണവീട് പോലെ 

എന്നത്തേയും പോലെ തികച്ചും അപരിചിതനായി 
ആരെയോ തേടി നടന്നു നീങ്ങുന്നത്‌.


Saturday, November 21, 2009

യുദ്ധം



കിഴക്ക് നിന്നും ഒരു കൂട്ടര്‍
യുദ്ധം തുടങ്ങി.
അവര്‍ വടക്ക് ചെന്ന് 
കുറെ മല്ലന്മാരെ തോല്പിച്ചു.
അന്ന് രാത്രി അവര്‍ സമാധാനമായി ഉറങ്ങി.
പിന്നീടവര്‍ തെക്ക് ചെന്ന്
കുറെ മല്ലന്മാരെ തോല്പിച്ചു.
അന്നും അവര്‍ സമാധാനമായി ഉറങ്ങി.
പിന്നീടവര്‍ ചെന്നത് പടിഞ്ഞാറോട്ടാണ്
അവിടെ ആരും ഉണ്ടായിരുന്നില്ല.
അവര്‍ക്ക് അന്ന് രാത്രി ഉറക്കവും സമാധാനവും ഉണ്ടായില്ല.
അതിനാല്‍ അവര്‍ കിഴക്കോട്ടു തന്നെ പോയി
സ്വയം തോല്പിച്ചു സമാധാനിച്ചു.

ചിറക്



കടത്തിണ്ണയിലെ അനാഥ കുഞ്ഞുങ്ങള്‍ക്ക്‌
ചിറകു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നൂറ്റാണ്ടുകള്‍ മുന്‍പ്  ചിറകു നഷ്ടപ്പെട്ട ആ വര്‍ഗത്തിന്
ചിറകുകള്‍ എന്താണെന്നു പോലും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.
അവര്‍ വീണ്ടും ഭക്ഷണത്തിന് വേണ്ടി കരഞ്ഞുതുടങ്ങി.
സര്‍ക്കാര്‍ നിസ്സഹായരായി.
ചിറകുകള്‍ സര്‍ക്കാരാപ്പീസിന്റെ
മൂലയില്‍  ചിതലരിച്ചു.

Sunday, October 4, 2009

വേശ്യ.


കാരിരുമ്പിന്റെ കരുത്തുണ്ടായിരുന്ന ദിവാകരന്‍ ചത്തു.
പുഴക്കരയില്‍ നാരായണി കരഞ്ഞു കലങ്ങി.
ആറടി മണ്ണില്‍ ദിവാകരന്‍ ഉറങ്ങി.
ഇന്നും നാരായണി ദിവാകരനെ കാത്തിരിക്കുന്നു.
ദിവാകരനൊഴികെ പലരും വന്നു പോയതും നാരായണി അറിയുന്നു.
കാരിരുമ്പിന്റെ ശക്തിയുള്ളവരാരും പിന്നെ വന്നില്ലത്രെ.

Friday, September 18, 2009

ഭയം



ആളൊഴിഞ്ഞ വീട്
ആഴമുള്ള ജലാശയങ്ങള്‍
കനത്ത നിശ്ശബ്ദത
കൂറ്റാകൂരിരുട്ട്
ഇവിടങ്ങളിലെല്ലാം
ഭയം ഒളിച്ചിരുന്ന്
ഒറ്റക്കിരുന്നു മുഷിഞ്ഞു.

Monday, August 31, 2009

കറുത്തവന്റെ കുപ്പായം



ഉഴുതുമറിച്ച നിലത്തില്‍,
നിറമില്ലാത്ത ഒരു തുള്ളി വിയര്‍പ്പ്
വരണ്ട വേരുകള്‍ തേടി അലിഞ്ഞു ചേര്‍ന്നു.
കറുത്ത കൈകള്‍ ഇരുട്ടില്‍,
ജീവന്റെ വിത്തുകളെ പരതി.
പ്രായം മറന്ന്‌ പഴയൊരു കൈക്കോട്ട്
പ്രതീക്ഷകളുടെ ചാലു കീറി തുടങ്ങി.
അണകെട്ടി നിറുത്തിയിരുന്ന മോഹങ്ങളെല്ലാം
അതിലൂടെ കുത്തിയൊഴുകി.
കൂട്ടത്തില്‍, കറുത്ത
ഒരു കുപ്പായവും.

Friday, August 21, 2009

വിശപ്പ്‌, ദാഹം, പറക്കും തളിക.



2007, BSc മൂന്നാം വര്‍ഷം.
ക്വാണ്ടംമെക്കാനിക്സ് ക്ലാസ്സില്‍ ഹരികൃഷ്ണന്‍ സര്‍ ഹാര്‍മോനിക്‌ ഒസിലേറ്റര്‍ പ്രശ്നത്തിന്റെ നൂലമാലകളില്‍ പെട്ട് അസിംടോടിക്‌ മാര്‍ഗങ്ങളില്‍ അഭയം പ്രാപിക്കുമ്പോള്‍, ബോര്‍ഡില്‍ കഷ്നിക്കപ്പെട്ട ഊര്‍ജ നിലകളുടെ ചിത്രങ്ങള്‍ രൂപം കൊള്ളുമ്പോള്‍ ക്ലാസ്സിന്റെ ഒരു മൂലയില്‍, പിന്‍ബെഞ്ചില്‍ ഇരുന്നു കുറിച്ചിട്ട ചിലവരികള്‍. (പഴയ നോട്ടുകള്‍ പരിശോധിക്കുമ്പോള്‍ കിട്ടിയത്.)

നിങ്ങള്‍ക്കറിയാവുന്നത്
വിശപ്പിനെ
ക്കുറിച്ചും ദാഹത്തെക്കുറിച്ചും മാത്രമാണ്.
തീക്ഷ്ണമായ
ചൂടില്‍
വേച്ചു
വേച്ചു, വഴിയറിയാതെ ഉഴലുമ്പോഴും
നിങ്ങള്‍
ചിന്തിക്കുന്നത്
വിശപ്പിനെ
ക്കുറിച്ചും ദാഹത്തെക്കുറിച്ചുമാണ്.
മനസ്സിന്റെ
ഇരുണ്ടകോണുകളില്‍
വിണ്ടുകീറിയ സ്വപ്നങ്ങളില്‍
ചോര്‍ന്നൊലിക്കുന്ന
ആശയുടെ മേല്‍ക്കൂരകളില്‍
നിങ്ങള്‍
കാണുന്നത്
കേവലം
വിശപ്പും ദാഹവും മാത്രമാണ്.
മനുഷ്യാ
,
ഇതു
പുതിയ നൂറ്റാണ്ട്.
നിങ്ങള്‍
എന്തുകൊണ്ട്
പറക്കും
തളികകളെ കുറിച്ചു ചിന്തിക്കുന്നില്ല?
വിശപ്പും
ദാഹവുമില്ലാതെ,
എവിടെനിന്നും
എവിടേക്കും പറക്കാവുന്ന
പല നിറങ്ങളിലുള്ള പറക്കും തളികകള്‍ !
സുഹൃത്തേ
,
ഇനിയെങ്കിലും
ചിന്തിക്ക്.